ശബിരമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കാനാണ് നീക്കം. നവംബര്‍ 13നാണ് സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുക.
വിഷയത്തില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നും വേറിട്ട നിലപാടാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞിരിക്കുകയാണ്.
മനു അഭിഷേക് സിങ്വിക്കു പകരം മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരമായിരിക്കും ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കുക. അതേസമയം കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന് ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ തുടര്‍ന്ന് പിന്മാറിയിട്ടുണ്ട്. ഇവര്‍ക്ക് പകരം പി.എസ്.സുധീറിനെയാണ് നിയമിച്ചിരിക്കുന്നത്.
പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. കോടതി നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ നിലപാട് ആറിയിക്കൂവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. വിധി നടപ്പാക്കുന്നതിന് നേരിട്ട പ്രതിസന്ധികളും മറ്റും സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മിഷണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നതായിരിക്കും.
Discussion about this post