ഡല്‍ഹി: സമ്പൂര്‍ണ ഗ്രാമവികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ ഗ്രാമ യോജന 108 എം.പി.മാര്‍ ഇതുവരെ ഒരു ഗ്രാമവും ദത്തെടുക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ട് എട്ട് മാസം പൂര്‍ത്തിയായി. കേന്ദ്ര ഗ്രാമവികസന വകുപ്പ്മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്ങാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.എം.പി.മാര്‍ ഓരോ ഗ്രാമം വീതം ദത്തെടുക്കുന്ന സന്‍സദ് ആദര്‍ശ ഗ്രാമ യോജന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായിരുന്നു
ഇതില്‍ മുന്‍പന്തിയില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.മാരാണ്. രാജ്യസഭയിലും ലോക്സഭയിലുമായുള്ള തൃണമൂലിന്റെ 55 എം.പി.മാര്‍ പദ്ധതിയുമായി ഇതുവരെ സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്സഭയിലും രാജ്യസഭയിലുമായുള്ള 750 പാര്‍ലമെന്റംഗങ്ങളില്‍ 86 ശതമാനം പേരും ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍, യു.പി.എ. സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജയറാം രമേഷ്, യു.പി.എ. സര്‍ക്കാരിലെ മറ്റ് മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ, ദിഗ്വിജയ്സിങ്, ചലച്ചിത്രതാരം ജയ ബച്ചന്, വ്യവസായി വിജയ് മല്ല്യ എന്നിവരും ഇതുവരെ ഒരു ഗ്രാമവും ഏറ്റെടുക്കാത്തവരില് ഉള്‍പ്പെടും. ഇതില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പാര്‍ലമെന്റംഗമായത്.
ഡെല്‍ഹിയിലെ ബി.ജെ.പി.യുടെ ഏഴ് എം.പി.മാരും ഒരു ഗ്രാമം ദത്തെടുത്തിട്ടില്ല. ഡല്‍ഹിയില്‍ പിന്നാക്ക ഗ്രാമങ്ങള്‍ ഇല്ലെന്ന കാരണമാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ഗ്രാമവികസന വകുപ്പ് ഇവര്‍ക്ക് ഏഴ് ഗ്രാമങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍, തങ്ങളുടെ നിയോജക മണ്ഡലത്തിന് പുറത്തുവരുന്ന ഈ ഗ്രാമങ്ങള്‍ ദത്തെടുക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതികളുടെ ആദ്യവട്ട അവലോകനം ഈ മാസം ഒക്ടോബറില്‍ നടത്തുമെന്നുംു മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മീനാക്ഷി ലേഖി പിലഞ്ചി ഗ്രാമവും രമേഷ് ഭിധുരി ഭാട്ടി ഗ്രാമവും മഹേഷ് ഗിരി ചില്ലയുമാണ് ദത്തെടുത്തത്.
കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. ജയപ്രകാശ് നാരായണന്റെ ജന്മശതാബ്ധിയോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത്. തങ്ങളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഓരോ എം.പി.യും ഓരോ ഗ്രാമം ദത്തെടുത്ത് വികസിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍, അംഗങ്ങള്‍ തങ്ങള്‍ ജനിച്ച ഗ്രാമമോ ഭാര്യയുടെ ഗ്രാമമോ ദത്തെടുക്കരുതെന്ന് നിര്‍ദേശമുണ്ട്.
Discussion about this post