ചൈനയില്‍ മുസ്ലീം ന്യൂനപക്ഷങ്ങളിലുള്ള യാഥാസ്ഥിതികരെ തടവിലാക്കാന്‍ സര്‍ക്കാര്‍. ഇവരോട് 30 ദിവസത്തിനകം കീഴടങ്ങാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇങ്ങനെ ചെയ്താല്‍ ശിക്ഷകളില്‍ ഇളവും വേണ്ടി വന്നാല്‍ ശിക്ഷ തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
‘വിഘടനവാദികളും തീവ്രവാദികളും ഭീകരവാദികളും വിദേശത്തുള്ള തീവ്രവാദികളുമായി ബന്ധമുള്ളവരും യാഥാസ്ഥിതികരായ മുസ്ലീങ്ങളും കീഴടങ്ങേണ്ടതായിട്ടുണ്ട്’ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടീസ് പറയുന്നു.
ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന മുസ്ലീം മതത്തിലെ ഉയ്ഗര് സമുദായത്തിലുള്ളവരെ വലിയ തോതില്‍ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് സമീപ കാലത്ത് ചൈനയില്‍ വിമര്‍ശനമുണ്ടായിരുന്നു.
എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നുണ്ടെന്ന് ചൈന അവകാശപ്പെടുന്നു.
അതേസമയം ഖുറാന് അനുസരിച്ച് ജീവിക്കുന്നവരെയും മദ്യം, പുകവലി, ടി.വി കാണല്‍, വിവാഹങ്ങളില്‍ നൃത്തം ചെയ്യല്‍ തുടങ്ങിയവ നിരോധിക്കണമെന്ന് പറയുന്നവരെയും പറ്റി അധികൃതരെ അറിയിക്കണമെന്നും ചൈനീസ് സര്‍ക്കാര്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഉയ്ഗര് മുസ്ലീങ്ങളെ വലിയ സംഖ്യയില്‍ തടങ്കല്‍ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് യു.എന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്തത്.
കൂടാതെ സര്‍ക്കാര്‍ മതപരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്തിരിപ്പിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
Discussion about this post