തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടം ലംഘിച്ചുകൊണ്ട് നിയമനം നടന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ നിയമിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ സ്വദേശികളായ നാല് പേര്‍ക്കാണ് പാദേശിക സംവരണം ചട്ടം മറികടന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ തസ്തികകളില്‍ നിയമനം നല്‍കിയത്. നിയമനം നല്‍കിയത് സി.പി.എം പ്രവര്ത്തകര്ക്കാണെന്ന പരാതിയിലാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നിയമ ലംഘനം കണ്ടെത്തിയത്.
1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത നിയമപ്രകാരം പഴയ തിരുവതാംകൂര്‍ ദേശത്തെ താമസക്കാര്‍ക്കാണ് നിയമനം നല്‍കേണ്ടതെന്ന നിയമം നിലവിലുണ്ട്. സി.പി.ശ്രീപദ്, ജസീന, എം.പി.ശ്രുതി, അതുല്‍.എസ്.അശോക് എന്നിവര്‍ക്കാണ് ചട്ടം ലംഘിച്ചുകൊണ്ട് നിയമനം നല്‍കിയത്. ഇതില്‍ സി.പി.ശ്രീപദ്, ജസീന,അതുല്‍.എസ്.അശോക് എന്നിവര്‍ കണ്ണൂര്‍ സ്വദേശികളാണ്. എം.പി.ശ്രുതി മലപ്പുറം സ്വദേശിയാണ്.
ഇതില്‍ കണ്ണൂര്‍ സ്വദേശികള്‍ സജീവ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിയമനം ലഭിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി ദേവസ്വം ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണത്തോടെ പ്രസ്തുത ദേവസ്വം നിയമത്തിലെ വ്യവസ്ഥകള്‍ അസാധുവായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. അതേസമയം പ്രാദേശിക മാനദണ്ഡം സംബന്ധിച്ച ചട്ടം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ല.
Discussion about this post