ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷിച്ചിരുന്നു. ഇത് കൂടാതെ ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് ഉടന്‍ മാറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇതുപോലൊരു സമിതി ശബരിമലയില്‍ പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കൂടാതെ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതിയല്ല സമിതിയെ നിയോഗിക്കേണ്ടതെന്നും വേണമെങ്കില്‍ സുപ്രീം കോടതിക്ക് സമാനമായ സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ നടപടി പോലീസിന് എക്‌സിക്യൂട്ടിവിനും മേലുള്ള കടന്നുകയറ്റമാണെന്നും ഇത് ശബരിമലയിലെ പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
Discussion about this post