ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിനെതിരെയുള്ള വായനക്കാരന്റെ കത്ത് പ്രസിദ്ധീകരിച്ചതില്‍ പിണങ്ങി ഇനി കോളം എഴുതുകയില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരന് സി രാധാകൃഷ്ണന്. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ ‘വീണ്ടുവിചാരം’ എന്ന കോളമെഴുത്തില്‍ നിന്നാണ് സി.രാധാകൃഷ്ണന് പിന്‍വാങ്ങിയത്.
തന്റെ കോളത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുളള വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനമടങ്ങിയ കത്ത് വാരികയില്‍ പ്രസിദ്ധികരിച്ചതാണ് സി രാധാകൃഷ്ണനെ ചൊടിപ്പിച്ചത്. ഇങ്ങനെ എഴുതുന്നയാളുടെ തല മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിക്കണമെന്നായിരുന്നു വായനക്കാരന്റെ കത്തിലുണ്ടായിരുന്ന ഒരാവശ്യം.
വായനക്കാരനായ ചാത്തമംഗലം സ്വദേശി ശ്രീരാമന് ടി.സിയുടെ കത്ത് പത്രാധിപ സമിതി തുടര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.തനിക്കല്‍പ്പം വട്ടാണെന്ന് ഒരു മാന്യവായനക്കാരന് എഴുതിയ കത്ത് കണ്ടു. അത് നേരാണെന്ന് പത്രാധിപര്‍ക്ക് തോന്നിയത് കൊണ്ടാണല്ലോ പ്രസിദ്ധീകരിച്ചത്. അതിനാല്‍ രണ്ടുകൂട്ടരോടും നന്ദിയുണ്ട്. രോഗനിര്‍ണയം നടത്തിക്കിട്ടിയതിനാല്‍ ചികിത്സ തുടങ്ങാന്‍ സൗകര്യമായെന്നും പറഞ്ഞാണ് കോളം അവസാനിപ്പിക്കുന്ന കാര്യം സി രാധാകൃഷ്ണന് വിശദീകരിക്കുന്നത്. ഈ കത്ത് പ്രസിദ്ധീകരിച്ചതിന് ശേഷം പുറത്തിറങ്ങിയ സമകാലിക മലയാളത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ തന്റെ വീണ്ടുവിചാരമെന്ന കോളത്തില്‍ തന്നെയാണ് ഈ കോളം ഉള്‍പ്പെടെ ഇത്തരം എല്ലാ ഇടപാടുകളും നിര്‍ത്തുകയാണെന്ന് സി.രാധാകൃഷ്ണന് പറയുന്നത്.
ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പോലെയാണെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. സി. രാധാകൃഷ്ണന്റെ ലേഖനം വായിക്കുന്ന തന്നെപ്പോലെയുളള സാധാരണക്കാരന് ഇതില്‍ നിന്ന് എന്ത് മനസിലാക്കണം, ദയവായി നല്ലൊരു മനശാസ്ത്രജ്ഞനെക്കൊണ്ട് തല ഒന്ന് പരിശോധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ശ്രീരാമന് ടി സിയുടെ കത്തില്‍ പറയുന്നു.
ശ്രീരാമന് ടി.സി എഴുതിയ കത്തിന്റെ പൂര്‍ണരൂപം
സി. രാധാകൃഷ്ണന്റെ വീണ്ടുവിചാരം(നവംബര്‍12)കണ്ടു. അദ്ദേഹത്തിന് പ്രായാധിക്യം കൊണ്ട് സ്ഥിരബുദ്ധി നശിച്ചുവോ എന്ന് ഒരു ചെറിയ സംശയം! കൊടുമ്പിരിക്കൊളളുന്ന ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ‘അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്നപോലെ?’
ചോദ്യം എന്താണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ താങ്കളുടെ നിലപാട്?
ഉത്തരം ഞാനൊരു വേദാന്തിയാണ് കുടുംബസ്ഥനും സിപിഐക്കാരനുമാണ് ആര്‍ത്തവവും സ്വപ്നസ്ഖലനവും ഒന്നുപോലെയാണ്. കോടതിവിധി പിണറായിക്ക് മാനിക്കണം. എല്ലാ വിഗ്രഹങ്ങളും ഒന്നാണ് പ്രളയത്തില്‍ പൊട്ടക്കിണറുണ്ടോ? ഞാനാരെയും വേദനിപ്പിക്കില്ല, പിണറായി വിജയനും സംഘപരിവാറും കോടതിയും എല്ലാം വേദാന്തിക്ക് ഒന്നുതന്നെ! ശബരിമലയില്‍ വിശ്വാസമുളളവര്‍ക്ക് പോകാം! വേണ്ടെങ്കില്‍ പോകണ്ട. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയെ ആരും അവഹേളിക്കരുത്, അവിടെ അട്ടഹസിക്കരുത്?
വിശ്വാസം പരിശോധിച്ചറിയാന്‍ വഴിയില്ല. നിങ്ങളെയൊക്കെ സിസിടിവിയില്‍ കാണിക്കപ്പെടുന്നുണ്ട്! മഹത്തായ കേരള സംസ്കൃതി വിജയിക്കണം! വിജയിക്കട്ടെ, വിജയിക്കും!
ഇതൊക്കെ വായിക്കുന്ന എന്നെപ്പോലെയുളള സാധാരണക്കാരന് ഇതില്‍ നിന്ന് എന്ത് മനസിലാക്കണം! ദയവായി നല്ലൊരു മനശാസ്ത്രജ്ഞനെക്കൊണ്ട് തല ഒന്ന് പരിശോധിപ്പിക്കൂ. നിങ്ങള്‍ക്ക് ആരെയാണ് ഹേ പേടി!
കോളമെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സി.രാധാകൃഷ്ണന് –
എനിക്കല്‍പ്പം വട്ടാണെന്ന് ഒരു മാന്യ വായനക്കാരന് എഴുതിക്കണ്ടു. അത് നേരാണെന്ന് തോന്നിയത് കൊണ്ടാവുമല്ലോ പത്രാധിപര്‍ ആ കത്ത് അച്ചടിക്കാന്‍ തീരുമാനിച്ചത്. രണ്ട് കൂട്ടരോടും എനിക്ക് നന്ദിയുണ്ട്.കാരണം, സംഗതി ശരിയാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നാറുണ്ട്. രോഗനിര്‍ണയവും നടത്തിക്കിട്ടിയതിനാല്‍ ചികിത്സ ഉടന്‍ തുടങ്ങാന്‍ സൗകര്യമായി.
പത്രവാരികകളിലെ കോളമെഴുത്തും പലതരം വേദികളില്‍ പ്രസംഗവും പുസ്തകങ്ങള്‍ വായിച്ച് നോക്കി അവതാരിക എഴുത്തും പൊതുകാര്യങ്ങളിലെ പ്രതികരണത്തൊഴിലും വട്ടാണെന്നതിന് തെളിവ് തേടി ഏറെ ദൂരമൊന്നും പോകണ്ട, തപ്പിത്തിരയുകയും വേണ്ട. ഇതാ എന്റെ കണ്മുന്നില് തന്നെയുണ്ട്. എങ്കില്‍പ്പിന്നെ എന്തിന് ഇതൊക്കെ ഇത്രയും കാലം ചെയ്തു എന്നാണെങ്കില്‍ ചൊട്ടയിലെ ശീലം ചുടലവരെ എന്ന പരിഗണനയില്‍ ക്ഷമിക്കുക.ചുരുക്കത്തില്‍ ഈ കോളം ഉള്‍പ്പെടെ എല്ലാ ഏര്‍പ്പാടുകളും ഇതോടെ നിര്‍ത്തുകയാണ്. ഇതുവരെ വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അനുഭവിച്ചവര്‍ക്കും നല്ലതോ ചീത്തയോ പറഞ്ഞവര്‍ക്കും ഒന്നും പറയാത്തവര്‍ക്കും അകമഴിഞ്ഞ നന്ദി. വാരികയുടെ പത്രാധിപര്‍ക്കും എന്നെ ഈ പണി നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ആയുഷ്കാല സുഹൃത്ത് ടി.ജെ.എസ് ജോര്‍ജിനും സകല മാലോകര്‍ക്കും നല്ല തിരുപ്പിറവിയും പുതുവര്‍ഷവും!
വായനക്കാരന്റെ കത്തിനെ തുടര്‍ന്ന് സി.രാധാകൃഷ്ണന് കോളമെഴുത്ത് നിര്‍ത്തിയതില്‍ പത്രാധിപസമിതി വാരികയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ പ്രതികരണവേദികളാണ് കത്തുകള്‍.പത്രാധിപ സമിതിയുടെ തെരഞ്ഞെടുപ്പുകളോട് യോജിച്ചും വിയോജിച്ചും കത്തുകള്‍ ലഭിക്കാറുണ്ട്. വാദങ്ങള്‍ക്കൊപ്പം പ്രതിവാദങ്ങള്‍ കൂടി ചേര്‍ന്നാലെ വായന പുതിയ ദിശയിലേക്ക് നീങ്ങുകയുളളൂ. അതുകൊണ്ടു തന്നെ വിയോജന കത്തുകള്‍ക്കും കുറിപ്പുകള്‍ക്കും ഇടം നല്‍കാറുണ്ട്. പ്രസ്തുത കത്തിന്റെ പേരില്‍ എഴുത്തുകാരനുണ്ടായ മനസ്താപത്തിന് പത്രാധിപസമിതി ഖേദം പ്രകടിപ്പിക്കുന്നു. ലേഖകന്‍ അവസാനിപ്പിച്ച വീണ്ടുവിചാരം പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍ജനിക്കട്ടെ എന്ന് ആശംസയും പത്രാധിപ സമിതി നേരുന്നു.
Discussion about this post