ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് സുപ്രിംകോടതിയില്‍ . ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ. നടപടി ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ ശ്രീശാന്ത് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ. തീരുമാനം കടുത്തുപോയെന്നും തനിക്ക് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാനാവുന്നില്ലെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചു. ഒത്തുകളിക്കേസില്‍ വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും നാലു വര്‍ഷമായി വിലക്കു തുടരുകയാണെന്നാണ് ശ്രീശാന്തിന്റെ പ്രധാന വാദം. ഒത്തുകളി ആരോപണം നേരിട്ട മറ്റാര്‍ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് വാദിച്ചു.
മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് 2000-ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ഒഴിവാക്കി. തന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ബോര്‍ഡ് അതു ചെയ്യാത്തതെന്നും ശ്രീശാന്ത് ചോദിച്ചു. കേസ് ജനുവരി മൂന്നാംവാരം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതിയുടെ കുറ്റവിമുക്തനാക്കിയ ഉത്തരവിലെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവരികയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹി ഹൈക്കോടതി ജനുവരി രണ്ടാം വാരം കേസ് പരിഗണിക്കും. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കേസ് മൂന്നാംവാരത്തിലേക്ക് മാറ്റിയത്.
Discussion about this post