കവിത മോഷണം നടത്തിയെന്ന് ആരോപണമുയര്‍ന്ന അധ്യാപിക ദീപാ നിശാന്ത് മൂല്യനിര്‍ണയം നടത്തിയ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തത്വത്തില്‍ തീരുമാനം. ദീപ നിശാന്ത് വിധി നിര്‍ണയം നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് കലോത്സവ സംഘാടകരുടെ നടപടി. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ് നീക്കം നടക്കുന്നത്. അതിനിടെ ദീപയുടെ മുല്യനിര്‍ണയത്തിനെതിരെ കെ.എസ്.യു പരാതി നല്‍കുകയും ചെയ്തു.
13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍മൂല്യനിര്‍ണയം നടത്തുക. സമിതി അല്പ സമയത്തിനകം യോഗം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കലോത്സവത്തിലേക്ക് വിധികര്‍ത്താവായ ദീപ നിശാന്ത് എത്തിയതോടെ പ്രതിഷേധവുമായി എബിവിപിയും, കെഎസ്യുവും രംഗത്തെത്തുകയായിരുന്നു. ഇവരെ പോലിസ് പിന്നീട് ബലമായി അറസ്റ്റ് ചെയ്ത് നീക്കി, ദീപാ നിശാന്തിന് മൂല്യനിര്‍ണയത്തിന് സാഹചര്യം ഒരുക്കുകയായിരുന്നു. പോലിസ് സുരക്ഷയില്‍ അവരെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.
സംഘാടകര്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് കലോത്സവത്തില്‍ നിന്ന് മടങ്ങുന്നതെന്ന് ദീപ നിശാന്ത് പ്രതികരിച്ചിരുന്നു. വിവാദങ്ങളെ കുറിച്ച് നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും എന്തു കൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും ദീപ ഒരു ചാനലിനോട് ആരാഞ്ഞു. സ്ത്രീ ആയതിനാലാണ് ഈ വിധം മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശ്ശബ്ദയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപ പറഞ്ഞു.എന്നാല്‍ മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്തം ദീപ നിശാന്തിനാണെന്നിരിക്കെ മറ്റൊരാളെ പഴിചാരി അവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post