ശരണമന്ത്രങ്ങളാല്‍ മുഖരിതമായി ശബരിമലയില്‍ മണ്ഡലപൂജ നടന്നു. ആയിരക്കണക്കിന് ഭക്തര്‍ ആണ് മണ്ഡലപൂജ ചടങ്ങുകള്‍ക്കായി ശബരിമലയില്‍ എത്തിയത്. പുലര്‍ച്ചെ നാലിന് നടതുറന്ന് മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലപൂജാ ചടങ്ങുകള്‍ തുടങ്ങിയത്. മണ്ഡലപൂജയോടനുബന്ധിച്ച് അയ്യപ്പന്റെ ഇഷ്ട വലിപാടായ നെയ്യഭിഷേകം രാവിലെ പതിനൊന്നു മണിവരെയാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് തന്ത്രി കണ്ടര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കിഴക്കെ മണ്ഡപത്തില്‍ കളഭപൂജയും കലശപൂജയുംനടന്നു. കളംവരച്ച് നിലവിളക്ക് കൊളുത്തി സ്വര്‍ണ കലശത്തിലാണ് അഭിഷേകത്തിനുളള കളഭം നിറച്ചത്. ആദ്യം കലശാഭിഷേകവും തുടര്‍ന്ന് കളഭാഷിഷേകവും നടന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി മണ്ഡലപൂജ നടന്നത്.
ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപനമാകും.ഇതോടെ നാല്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാല തീര്ത്ഥാടനത്ത് പരിസമാപ്തിയാകും.
മകരവിളക്ക് ഉല്‍സവത്തിനായി ഞായറാഴ്ച വൈകിട്ട് വീണ്ടും നട തുറക്കും.
Discussion about this post