കൊച്ചി: ശബരിമലയിലെ തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ പക്കല്‍ നിന്നും എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മതപരമായ ആചാരം കൂടിയായ ഈ വിഷയത്തില്‍ കോടതി ഇടപെടേണ്ട കാര്യമെന്തെന്ന് പ്രഥമ ദൃഷ്ട്യാ തെളിയിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്നം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഡോക്ടര്‍ എസ്.ഗണപതി എന്നയാലായിരുന്നു ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. ശബരിമല ക്ഷേത്രത്തിന്മേലും ക്ഷേത്രത്തിന്റെ വസ്തു വകകളിലും പന്തളം രാജകുടുംബത്തിന് യാതൊരു വിധ അവകാശമില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കൂടാതെ താഴ്മണ്‍ തന്ത്രി കുടുംബത്തിന് ശബരിമല ക്ഷേത്രത്തിലും ശബരിമലയോട് അനുബന്ധിച്ച് കിടക്കുന്ന മറ്റ് ക്ഷേത്രങ്ങളിലും യാതൊരു വിധ താന്ത്രിക അവകാശങ്ങളുമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. താന്ത്രിക അവകാശങ്ങള്‍ തലമുറകളായി കൈമാറാന്‍ സാധിക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.
തിരുവാഭരണം ദേവസ്വം ബോര്‍ഡിന് കൈമാറുന്നതിന് പുറമെ അയ്യപ്പന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം വേണ്ടപ്പെട്ടവരുടെ പക്കല്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശബരിമല, മാളികപ്പുറം എന്നീ ക്ഷേത്രങ്ങളിലും മേല്‍ശാന്തിമാരെ നിയമിക്കുന്നത് നറുക്കെടുപ്പിലൂടെയല്ലാതെ മെറിറ്റ് അടിസ്ഥാനത്തിലാക്കണമെന്നും ഹര്‍ജിയിലുണ്ട്.
ഹര്‍ജിയില്‍ പറയുന്ന പല കാര്യങ്ങളും ഒരു വസ്തുതാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഹൃഷികേഷ് റോയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
Discussion about this post