കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദായ നികുതി വകുപ്പ് കന്നഡ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ 11 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ 25.3 കിലോഗ്രാം സ്വര്‍ണ്ണവും 2.85 കോടി രൂപയും ഉള്‍പ്പെടും.
നികുതി വെട്ടിപ്പിന് തുടര്‍ നടപടി ഉടനുണ്ടാകുമെന്ന് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. കന്നഡ താരങ്ങളായ പുനീത് രാജ്കുമാര്, ശിവരാജ് കുമാര്‍, സുദീപ്, യഷ്, നിര്‍മ്മാതാക്കളായ റോക്ക്ലൈന് വെങ്കടേഷ്, സി.ആര്.മനോഹര്‍, വിജയ് കാരന്ഗന്തൂര്, ജയണ്ണ എന്നിവരുടെ വീടുകളിലായിരുന്നു മൂന്ന് ദിവസത്തോളമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നിര്‍മ്മാതാക്കളും അഭിനേതാക്കളും തമ്മില്‍ നടത്തിയ പണമിടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇവരില്‍ ആരുടെ സ്വത്താണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
180 ഉദ്യോഗസ്ഥരായിരുന്നു റെയ്ഡില്‍ പങ്കെടുത്തിരുന്നത്. നഗരത്തിലെ 21 ഭാഗങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയെപ്പറ്റി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ മൂന്ന് മാസം മുന്‍പ് തന്നെ തുടങ്ങിയിരുന്നു.
കന്നഡ സിനിമാ ലോകത്തെ കേന്ദ്രീകരിച്ച് കൊണ്ട് നടന്നിട്ടുള്ള ഏറ്റവും വലിയ പരിശോധനയായിരുന്നു ഇപ്പോള്‍ നടന്നത്.
Discussion about this post