പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ‘പി എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന് പുറമെ മറ്റൊരു ചിത്രവും കൂടി അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്. ബോളിവുഡ് നടന് പരേശ് റാവലാണ് ഇതേപ്പറ്റിയുള്ള പ്രഖ്യാപനം നടത്തിയത്. നരേന്ദ്ര മോദിയുടെ റോള്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ തനിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
‘പി എം നരേന്ദ്ര മോദി’ എന്ന ചിത്രത്തില്‍ മോദിയായെത്തുന്നത് ബോളിവുഡ് താരം വിവേക് ഒബറോയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ പരേശ് റാവല്‍ മോദിയുടെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയപ്പെറ്റി സംസാരിച്ചിരുന്നു. വിവേക് ഒബറോയ്ക്ക് മോദിയുടെ റോള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഒബറോയ്ക്ക് താന്‍ ആശംസകളര്‍പ്പിക്കുന്നുവെന്നും പരേശ് റാവല്‍ പറഞ്ഞു.
താന്‍ ചെയ്യുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും മോദിയുടേതെന്ന് പരേശ് റാവല്‍ പറഞ്ഞു. മോദിയുടെ ലുക്ക് ചിത്രത്തില്‍ പകര്ത്തുന്നതിനെപ്പറ്റിയും പരേശ് റാവല്‍ പറഞ്ഞു. നരച്ച മുടിയും താടിയും കണ്ണടയ്ക്കും പുറമെ മോദിയുടെ കണ്ണുകളിലെ തീഷ്ണതയും രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള അതിയായ ആഗ്രഹവും തന്റെ അഭിനയത്തിലൂടെ പുറത്ത് കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥയുടെ തിരക്കിലാണ് താനെന്ന് പരേശ് റാവല്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും താന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post