മാന്ദാമംഗലം പള്ളിയില്‍ ഇന്നലെ രാത്രി ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 120 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രസനാധിപന് യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തേക്കും.
സംഭവത്തില്‍ പോലീസിനെ യൂഹനാന്‍ മാര്‍ മിലിത്തിയോസ് വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പാക്കേണ്ട പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവര്‍ സുരക്ഷിതരാണെന്നും സഹനസമരം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പതോളം ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാത്രി പന്ത്രണ്ട് മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരു വിഭാഗക്കാരും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായിരുന്നു. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഇരുവിഭാഗക്കാരെയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണിക്ക് കളക്ടറേറ്റിലാണ് യോഗം നടക്കുക.
Discussion about this post