പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരിയൊരുങ്ങി. 27നാണ് മോദി തൃശ്ശൂരില്‍ എത്തുന്നത്.പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
കൊല്ലത്ത് ഈ മാസം നരേന്ദ്രമോദി പൊതുസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് മോദി തൃശ്ശൂരില്‍ എത്തുന്നത്. തൃശ്ശൂര്‍ മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം കാഴ്ച വച്ചിരുന്നു. ഇത് ആവര്‍ത്തിച്ചാല്‍ മണ്ഡലത്തില്‍ അട്ടിമറി ജയം നേടാമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്. ഇതിന്റ കൂടി ചുവടുപിടിച്ചാണ് നരേന്ദ്രമോദിയില്‍ തൃശ്ശൂരില്‍ എത്തിക്കുന്നത്.
യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്. അതിര്‍ത്തി മേഖലകളിലും തീരദേശങ്ങളിലും മുഴുവന്‍ സമയവും ജാഗ്രതയും പരിശോധനയും ഉണ്ടാകും. ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ പരിശോധന നടത്തും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന കുട്ടനെല്ലൂര്‍ ഹെലിപ്പാഡ് മുതല്‍ നഗരം മുഴുവനും ജാഗ്രത പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി 2,000 പോലീസുകാരെയാണ് നിയോഗിക്കുക. അപരിചിതരെയും മതിയായ രേഖകളില്ലാത്തവരെയും പരിശോധിക്കുന്നതായിരിക്കും. ബോംബ് സ്ക്വാഡും സുരക്ഷയുടെ ഭാഗമായി പരിശോധന നടത്തും. ഐജി എം.ആര്.അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്ര, റൂറല്‍ മേധാവി എം.കെ.പുഷ്കരന് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുക.
തേക്കിന്‍കാട് മൈതാനിയിലാണ് യുവമോര്‍ച്ച സമ്മേളനം നടക്കുക. സമ്മേളന വേദിയില്‍ ബാരിക്കേഡുകള്‍, സി.സി.ടി.വി എന്നിവയുടെ ക്രമീകരണം ഇന്ന് പൂര്‍ത്തിയാകും. യുമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കൂടാതെ ജനുവരി 27ന് തന്നെ കൊച്ചി റിഫൈനറിയിലെ വികസന പദ്ധതികള്‍ മോദി രാജ്യത്തിന് സമര്‍പ്പിക്കും.
Discussion about this post