പ്രളയം മനുഷ്യനിർമ്മിതം വിദഗ്ദ്ധ സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ. ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നല്കി. പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബറിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു ; മറുപടി തന്നില്ലെന്ന് ഹർജിയിൽ പരാമർശം.ഹർജി നാളെ പരിഗണിക്കും. കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണെന്നും സംസ്ഥാനത്തിനു പുറത്തുള്ള വിദഗ്ദ്ധൻ ചെയർമാനായ ഉന്നത സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മെട്രോമാൻ ഇ. ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സാങ്കേതിക വിദഗ്ദ്ധരുടെ ഉന്നത സമിതി രൂപീകരിച്ച് പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ . ശ്രീധരൻ ഹർജി നൽകിയത്. തന്റെ 65 വർഷത്തെ എഞ്ചിനീയറിംഗ് പരിചയം വെച്ച് പ്രളയം മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കരുതുന്നു.
കൊല്ലം – കോഴിക്കോട് ജില്ലകൾക്കിടയിലുള്ള നിരവധി പേർ ഇതുമൂലം വലിയ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു. ഇതിനെപ്പറ്റി സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 30 നു തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു. ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാനും കത്തയച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ ഭാഗത്തു നിന്നു യാതൊരു മറുപടിയും ഉണ്ടായില്ലെന്നും ശ്രീധരൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സർക്കാർ വിഷയത്തിൽ യാതൊരു മറുപടിയും തരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നു ഹർജിയിൽ പറയുന്നു.
പ്രളയം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി സമഗ്രമായ പഠനം നടത്താൻ കോടതി ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും കൃത്യമായി നേരിടാനും സംസ്ഥാനത്തിനും രാജ്യത്തിനും ഇതുമൂലം കഴിയുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Discussion about this post