ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നടപടികളെടുക്കുന്നത് തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഞങ്ങളെ ആകാശത്തിനൊ, പാതാളത്തിനൊ, ഭൂമിക്കൊ തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ‘ഭാരത് കീ മന് കീ ബാത്ത്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദികള്‍ എവിടെപ്പോയി ഒളിച്ചാലും ഇന്ത്യ അവര്‍ക്ക് മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കള്‍ അതില്‍ നിരാശരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് പാക്കിസ്ഥാന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റാഫേല്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതിപക്ഷത്തിനെതിരെയും രാജ്നാഥ് സിംഗ് സംസാരിച്ചു. 30 വര്‍ഷമായി ഒരു ആധുനിക വിമാനം പോലും ഇന്ത്യയ്ക്ക് വേണ്ടി വാങ്ങിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാറില്‍ ഒപ്പിട്ടപ്പോള്‍ പ്രതിപക്ഷം അഴിമതിയെന്നാരോപിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ ചിലര്‍ ചില രേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്തതിന് ശേഷം രേഖകള്‍ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടുവെന്ന് വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post