ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 ദിവസമായി ശബരിമല ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ് അദ്ദേഹം.
മൂന്ന് മാസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദമോ, കോടതി ഉത്തരവോ വേണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാസത്തില്‍ ആദ്യത്തെയും നാലാമത്തെയും ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം തെരഞ്ഞെടുപ്പിന് ശേഷം കേസില്‍ ഹാജരായാല്‍ മതിയെന്നും ഉത്തരവിലുണ്ട്.
പാസ്പോര്‍ട്ട് കെട്ടിവെക്കണം, സമാനമായ കുറ്റം ചെയ്യരുത്, സാക്ഷികളെ ഭീഷണിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളും ഹൈക്കോടതി വെച്ചിട്ടുണ്ട്.
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ റാന്നി കോടതിയാണ് അദ്ദേഹത്തെ റിമാന്റ് ചെയ്തത്.മാര്‍ച്ച് 28നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
റാന്നി കോടതി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാവര്ക്കും ജാമ്യം ലഭിച്ച കാര്യം അഭിഭാഷകന് കെ രാംകുമാര്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ജയിലില്‍ നിന്ന് കോടതിയുടെ അനുമതി പ്രകാരം പ്രകാശ് ബാബു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുകയായിരുന്നു. സ്ഥാനാര്‍ത്ഥി ജയിലിലിരിക്കെ അദ്ദേഹത്തിന്റെ മാസ്ക് അണിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ സജീവമായി പ്രചരണം നടത്തുകയാണ്. ശബരിമല വിഷയം മണ്ഡലത്തില്‍ ബിജെപി സജീവ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്.
Discussion about this post