പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎ ചേര്‍ന്നു. പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പി.സി ജോര്‍ജ്ജ് വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. മികച്ച സ്ഥാനാര്‍ത്ഥി സുരേന്ദ്രനാണ് അദ്ദേഹത്തെ ജയിപ്പിക്കണമെന്നായിരുന്നു പി.സിയുടെ അഭ്യര്‍ത്ഥന.
സുരേന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായി എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലെ എംഎല്‍എയാണ് പി.സി ജോര്‍ജ്ജ്. പിസിയുടെ എന്‍ഡിഎ പ്രവേശം പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യും. കോട്ടയത്ത് പി.സി തോമസിനും ജനപക്ഷത്തിന്റെ പിന്തുണ ആത്മവിശ്വാസം പകരും.
Discussion about this post