ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ മൂന്ന് എംഎല്‍എമാരും റിസോര്‍ട്ടിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ജയിലിലായ കോണ്‍ഗ്രസ് എംഎല്‍എയുമാണ് രാജിക്കൊരുങ്ങുന്നത്.
കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും ഗോഖക് എംഎല്‍എയും മുന്‍മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി, ബെല്ലാരി റൂറല്‍ എംഎല്‍എ ബി. നാഗേന്ദ്ര എന്നിവരാണ് രാജിക്കാര്യം പരസ്യമാക്കിയത്. നേരത്തെ ചിഞ്ചോളി എംഎല്‍എ ഉമേഷ് ജാദവ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കലബുറഗി ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഉമേഷ്.
ഇവരെ കൂടാതെ സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാരും രാജിക്ക് തയാറെടുക്കുന്നതായ വിവരവും പുറത്തുവരുന്നുണ്ട്. രമേശ് ജാര്‍ക്കിഹോളി ഇന്ന് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിക്ക് തയാറായതോടെ ഒരുമിച്ച് രാജി സമര്‍പ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍.
ഇതോടൊപ്പം ബിഡദി റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ്സിങ്ങിനെ മര്‍ദ്ദിച്ച കേസില്‍ ജയിലിലായ കോണ്‍ഗ്രസ് എംഎല്‍എ ജെ.എന്‍. ഗണേശ് പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കിയതോടെ കോണ്ഗ്രസ്സന്റെ മുതിര്‍ന്ന നേതാക്കളായ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ഇന്നലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് ഭീഷണിയില്ലെന്നും അതൃപ്തരായ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുവരും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പില്‍ ആശങ്ക തുടരുകയാണ്.
സംസ്ഥാനത്ത് 224 അംഗ നിയമസഭയില്‍ ബിജെപി – 104, കോണ്‍ഗ്രസ് – 80, ജെഡിഎസ് – 37, ബിഎസ്പി – ഒന്ന്, സ്വതന്ത്രര്‍ -രണ്ട് എന്നതായിരുന്നു കക്ഷിനില. കോണ്‍ഗ്രസ്, ജെഡിഎസ്, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ ഐക്യത്തില്‍ 120 പേരുടെ പിന്തുണയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്ക്കാരിനുണ്ടായിരുന്നത്.
ബിഎസ്പി അംഗം നേരത്തെ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. സര്‍ക്കാരിന് പിന്തുണ നല്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു. ചിഞ്ചോളി എംഎല്‍എ ഉമേഷ് ജാദവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കുന്ദ്ഗോല്‍ എംഎല്‍എ സി.എസ്. ശിവള്ളി കഴിഞ്ഞ മാസം അന്തരിച്ചു. ഇതോടെ അഞ്ചുപേരുടെ പിന്തുണ സഖ്യസര്‍ക്കാരിന് നഷ്ടപ്പെട്ടു. അങ്ങനെ സഖ്യസര്‍ക്കാരിന്റെ സംഖ്യാബലം 115 ആയി കുറഞ്ഞു.
ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്. രമേശ് ജാര്‍ക്കിഹോളി ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ രാജിവച്ചാല്‍ സഖ്യസര്‍ക്കാരിന്റെ ബലം 109 ആയി കുറയും. സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടെ എണ്ണം 106 ആയി വര്‍ധിച്ചു.
നാലുപേര്‍ രാജിവയ്ക്കുന്നതോടെ സഭയിലെ ആകെ സംഖ്യ 220 ആയി കുറയുമ്പോഴും ഭൂരിപക്ഷത്തിന് 111 പേരുടെ പിന്തുണ ആവശ്യമാണ്. അതിനാല്‍, മെയ് 19ന് ചിഞ്ചോളിയിലും കുന്ദ്ഗോലിലും നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് സഖ്യസര്‍ക്കാരിന് നിര്‍ണായകം. ഇത് വിജയിച്ചില്ലെങ്കില്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമാകും.
പരാജയം ഒഴിവാക്കാന്‍ ഇരുമണ്ഡലങ്ങളിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കാനാണ് തീരുമാനം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജെഡിഎസ് പിന്തുണ നല്‍കും. എന്നാല്‍, രണ്ട് മണ്ഡലങ്ങളും തിരികെ പിടിക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. എന്നാല്‍, കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ഉറപ്പായാല്‍ അവിശ്വാസത്തിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുമെന്ന് ജെഡിഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post