ഇന്ത്യ-ബംഗ്ലാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്. അബു മുഹമ്മദ് അല്‍-ബംഗാളി എന്നാണ് മേഖലയിലെ തലവന്റെ പേരെന്ന് കഴിഞ്ഞ ദിവസം ഐഎസിന്റേതായി പ്രചരിക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുമെന്നാണ് ഭീകര സംഘടനയുടെ ഭീഷണി.
‘ബംഗാള്‍-ഹിന്ദ് മേഖലയില്‍ ഖലീഫയുടെ പോരാളികളെ അമര്‍ച്ച ചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ തെറ്റി, ഞങ്ങളെയൊരിക്കലും അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല’. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും പുറത്തിറക്കിയ പോസ്റ്ററില്‍ ഐഎസ് പറയുന്നു.
ബംഗ്ലാദേശിലെ ധാക്കയില്‍ സിനിമ തീയറ്ററിന് സമീപം സ്‌ഫോടനം നടത്തിയതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നടന്നത് പരിഭ്രാന്തി പടര്‍ത്താനുള്ള ശ്രമമായിരുന്നു എന്നും ശരിക്കുള്ള ആക്രമണം ഉടന്‍ പ്രതീക്ഷിക്കാമെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ വിലയിരുത്തല്‍. ബ്ലാഗ്ലാദേശിലും പശ്ചിമ ബംഗാളിലും ആക്രമണം നടന്നേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post