ട്രെയിനില്‍ ഓടിക്കേറിയ പത്തുവയസ്സുകാരി അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിനിന്റെ ഫുഡ് ബോര്‍ഡില്‍ കാലുകുത്താന്‍ കഴിയാതെ ഒറ്റക്കൈയില്‍ തൂങ്ങി പത്ത് മീറ്ററോളം യാത്ര ചെയ്ത പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ആര്.പി.എഫ് ജവാന് എസ് വി ജോസായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം . ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ നിന്നും തഞ്ചാവൂരിലേക്ക് പുറപ്പെട്ട എക്സ്പ്രസില്‍ കയറുന്നതിനു ഇടയിലാണ് 10 വയസ്സുകാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ അകപ്പെട്ടത്.
തീര്‍ത്ഥാടന യാത്രയ്ക്കായി എത്തിയ ബീഹാര്‍ സ്വദേശി അശ്വിനികുമാറിന്റെ മകളായ ആന്മോള് ശര്‍മ്മയാണ് അപകടത്തില്‍പ്പെട്ടത്. പിതാവും കുട്ടിയ്ക്കൊപ്പം വലിയ ബാഗുകളുമായി പുറകെ ഉണ്ടായിരുന്നു. യാത്ര പുറപ്പെട്ട ട്രെയിനില്‍ കയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടികയറി എങ്കിലും വാതിലിലെ കമ്പിയില്‍ ഒരു കൈമാത്രം പിടിക്കാന്‍ സാധിച്ച കുട്ടി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു.
കാലുകള്‍ പൂര്‍ണ്ണമായും തൂങ്ങിക്കിടന്ന് 10 മീറ്ററോളം സഞ്ചരിച്ച കുട്ടിയെ ആര്.പി.എഫ് ഉദ്യോഗസ്ഥനായ ജോസ് ജീവിതത്തിലേക്ക് തൂക്കി എടുക്കുകായിരുന്നു. അപകട സിഗ്നല്‍ നല്കിയ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റെഷനുകളില്‍ ജോലി ചെയ്തിട്ടുള്ള ജോസ് നാലരവര്‍ഷമായി ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. തന്റെ മകള്‍ രക്ഷപ്പെടാന്‍ കാരണം ജോസിന്റെ ഇടപെടല്‍ ആണെന്ന് തഞ്ചാവൂരില്‍ എത്തിയ അശ്വിനി കുമാര്‍ റെയില്‍ വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച സതേണ്‍ റെയില്‍വേ ഡിജിപി ഡോ. ശൈലേന്ദ്ര ബാബു ജോസിന് പാരിതോഷികം സമ്മാനിച്ചു.
Discussion about this post