വിവിഐപികള്‍ക്കായി വിമാനം വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനു പിന്തുണയുമായി സഹയാത്രികര്‍ രംഗത്ത്. ഫട്നാവീസ് കൃത്യസമയത്തു തന്നെ എത്തിയിരുന്നതായും ഇമ്മിഗ്രേഷന്‍ വിഭാഗത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനം വൈകിയതെന്നും സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ദുഷ്യന്ത് കഗര്വ്വ ട്വീറ്റ് ചെയ്തു.
വിമാനം വൈകിപ്പിക്കാന്‍ ഫട്നാവീസ് ആവശ്യപ്പെട്ടിരുന്നില്ല എന്ന് മറ്റൊരു യാത്രക്കാരനായ അരവിന്ദ് ഷായും പ്രതികരിച്ചിട്ടുണ്ട്. ഫട്നാവീസ് നേരത്തെ തന്നെ ആരോപണം നിഷേധിച്ചിരുന്നു. ഇന്ത്യയിലേയ്ക്കു തിരികെയെത്തിയ ശേഷം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വിമാനം വൈകിയെന്ന ആരോപണത്തെ തുടര്‍ന്ന് ഫട്നാവിസ് മാപ്പുപറയണമെന്ന് ആവശ്യവുമായി മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വി രാജ് ചവാന് അടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു.
വിമാനം വൈകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
Discussion about this post