ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തിയ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് കനത്ത തിരിച്ചടി നല്കാന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ തീരുമാനത്തില്‍ നിന്നും ട്രംപ് പിന്നോട്ട് പോയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച അമേരിക്കയുടെ എം.ക്യു 4 ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ വ്യാഴാഴ്ച രാവിലെയാണ് ഇറാന് വെടിവച്ചിട്ടത്. ഇതിന് പിന്നാലെ തങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്കും മിസൈല്‍ സംവിധാനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുവാന്‍ വ്യാഴാഴ്ച രാത്രി തീരുമാനം എടുത്തുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദ്ദേശം . പിന്നീട് ആക്രമണം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ ജനങ്ങള്‍ക്കും , ഇറാന് സേനയ്ക്കും വലിയ നാശനഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ ഇന്നും ട്രംപ് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്. ഇനിയും പ്രകോപനം ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായാല്‍ അമേരിക്കയുടെ ശക്തമായ തിരിച്ചടിയാകും ഇറാന് നേരിടേണ്ടിവരികയെന്ന വിലയിരുത്തലുമുണ്ട്.
Discussion about this post