ബിർമിംഗ്ഹാം: ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് സെമിയിൽ പ്രവേശിക്കാം. എന്നാൽ ഇന്ന് തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നത് ബംഗ്ലാദേശിന്റെ പോരാട്ട വീര്യം വർദ്ധിപ്പിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ അതേ വേദിയിലാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബംഗ്ലാദേശിനെ നിസ്സാരമായി കാണാൻ ഇന്ത്യക്ക് കഴിയില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഓൾ റൗണ്ടർ ഷാകിബ് അൽ ഹസ്സനിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.
ഓപ്പണിംഗിലെ പ്രശ്നങ്ങൾ ഇപ്പോഴും ഇന്ത്യയെ അലട്ടുന്നുണ്ട്. ലോകേഷ് രാഹുൽ ഇനിയും ഫോം കണ്ടെത്തിയിട്ടില്ല. എന്നാൽ സ്റ്റാർ ബാറ്റ്സ്മാന്മാരായ രോഹിത് ശർമ്മയും വിരാട് കോലിയും മികച്ച കളി കാഴ്ച വെയ്ക്കുന്നുണ്ട്. കേദാർ ജാദവ് നിറം മങ്ങിയെങ്കിലും ധോണിയും ഹാർദിക് പാണ്ഡ്യയും മദ്ധ്യനിരയിൽ പ്രതീക്ഷ കാക്കുന്നു. ഋഷഭ് പന്തിൽ നിന്നും സ്ഫോടനാത്മകമായ ഒരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് മണ്ണിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ദിനേശ് കാർത്തികിന് അവസരം നൽകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യങ്ങളിലും ആശ്രയിക്കാവുന്ന രവീന്ദ്ര ജഡേജയുടെ സാന്നിദ്ധ്യം റിസർവ്വിലും ഇന്ത്യക്ക് ആശ്വാസമാണ്.
ഇതു വരെ ബൗളിംഗ് ഇന്ത്യയുടെ കരുത്തായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാരായ ചാഹലും കുൽദീപും നന്നായി തല്ല് വാങ്ങി. ഈ പ്രശ്നം ഇന്ത്യ പരിഹരിക്കേണ്ടതുണ്ട്. പേസർമാരായ ഷമിയും ബൂമ്രയും മികച്ച ഫോമിലാണ്. പാണ്ഡ്യയും ജാദവും പാർട്ട് ടൈമർമാരായി തിളങ്ങാൻ ശേഷിയുള്ളവരാണ്.
ഇന്ത്യയ്ക്കെതിരെ എന്നും മികച്ച പ്രകടനം നടത്താൻ ശ്രമിച്ചിട്ടുള്ള ടീമാണ് ബംഗ്ലാദേശ്. ഇന്ത്യയ്ക്കെതിരായ ഓരോ നേട്ടങ്ങളും അതി വൈകാരികതയോടെ അവർ ആഘോഷിക്കാറുണ്ട്. അതു കൊണ്ട് തന്നെ എഡ്ജ്ബാസ്റ്റണിൽ ഇന്ന് തീ പാറുമെന്ന് ഉറപ്പ്.
Discussion about this post