ഡൽഹി: ബേസ്ബാൾ ബാറ്റ് കൊണ്ട് യുവാവിനെ അകാരണമായി മർദ്ദിച്ച കേസിൽ ആം ആദ്മി എം എൽ എ സോം ദത്തിന് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഡൽഹി കോടതിയാണ് ശിക്ഷ വിധിച്ചത്. ഡൽഹിയിലെ സദാർ ബസാർ മണ്ഡലത്തിലെ എം എൽ എയാണ് സോം ദത്ത്.
2015 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സോം ദത്തും ഒപ്പം അറുപതോളം പേരും ചേർന്ന് ഗുലാബി ബാഗിലെ സഞ്ജീവ് റാണ എന്ന വ്യക്തിയുടെ വീട്ടിലെത്തി തുടർച്ചയായി ഡോർ ബെല്ലടിച്ചു. തുടർച്ചയായി ബെല്ലടിച്ചത് ചോദ്യം ചെയ്ത റാണയെ സോം ദത്ത് കൈയ്യിൽ കരുതിയിരുന്ന ബേസ്ബാൾ ബാറ്റ് കൊണ്ട് കാലിൽ അടിക്കുകയായിരുന്നു. തുടർന്ന് ദത്തിനോടൊപ്പം വന്നവർ ഇയാളെ വലിച്ചിഴച്ച് റോഡിലിറക്കി തല്ലുകയും ഇടിക്കുകയും തൊഴിക്കുകയുമായിരുന്നു. തല്ലു കൊണ്ട് ഇയാൾ ബോധരഹിതനായി.
സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ സുനിലിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. സോം ദത്ത് റാണയെ മർദ്ദിക്കുന്നത് താൻ കണ്ടുവെന്ന് ഇയാൾ കോടതിയിൽ മൊഴി നൽകി. റാണയുടെ മെഡിക്കൽ റിപ്പോർട്ടും മർദ്ദനം നടന്നതിന്റെ തെളിവായി കോടതി സ്വീകരിച്ചു.
ഒരഴ്ചയ്ക്കുള്ളിൽ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ ആം ആദ്മി പാർട്ടി എം എൽ എയാണ് സോം ദത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് കോണ്ഡ്ലിയിലെ ആം ആദ്മി എം എൽ എ മനോജ് കുമാറിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിച്ചതും ഈ ആഴ്ചയാണ്.
Discussion about this post