ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹൽ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ടീമിലെത്തി. ജഡേജയ്ക്ക് ഈ ലോകകപ്പിൽ ഇത് ആദ്യ മൽസരമാണ്. ശ്രീലങ്കൻ നിരയിലും ഒരു മാറ്റമുണ്ട്. വാർഡർസേയ്ക്കു പകരം തിസാര പെരേര ടീമിൽ തിരിച്ചെത്തി.
യോർക്ഷർ ക്രിക്കറ്റ് ക്ലബ്ബിന്റെ ആസ്ഥാന മൈതാനമായ ഹെഡിങ്ലിയിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ന് അവസാന റൗണ്ട് റോബിൻ പോരാട്ടമാണ് ഇന്ത്യയ്ക്ക്. അതു കഴിഞ്ഞാൽ നിർണായകമായ സെമിഫൈനൽ. കാത്തിരിപ്പും തയാറെടുപ്പും അതിനു വേണ്ടിയാണെങ്കിലും ലങ്കയ്ക്കെതിരെ ജയിച്ചേ മതിയാകൂ.
സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് നിര്‍ണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ആറു മണിക്ക് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം തുടങ്ങും.
ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചാല്‍ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ്, ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനല്‍ പോരാട്ടങ്ങള്‍. രണ്ടുടീമുകളും അവസാന മത്സരത്തില്‍ തോറ്റാലും ഇന്ത്യ മാത്രം തോറ്റാലും ഈ സെമി ലൈനപ്പിന് മാറ്റമുണ്ടാകില്ല. എന്നാല്‍, ഇന്ത്യ ജയിക്കുകയും ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ-ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമി.
Discussion about this post