വയനാട്ടില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന് സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കാമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആദിവാസികള്‍ മഞ്ജു വാര്യര്‍ക്ക് എതിരെ നല്കിയ പരാതിയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമ നടപടികള്‍ അവസാനിപ്പിച്ചു. പനമരം പഞ്ചായത്തില്‍ പരപ്പല്‍ കോളനിയില്‍ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു മഞ്ജു വാര്യര്‍ ഫൗണ്ടേഷന് കോളനി നിവാസികള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഫൗണ്ടേഷന് പദ്ധതിയില്‍ നിന്ന് പിന്മാറി. ഇതേ തുടര്‍ന്ന് കോളനിനിവാസികളും പഞ്ചായത്ത് അധികൃതരും ജില്ല ലീഗല്‍ സര്‍വ്വിസ് സൊസൈറ്റിയെ സമീപിക്കുകയായിരുന്നു.
തനിച്ച് വീട് നിര്‍മ്മിച്ച് നല്‍കാനാവില്ലെന്നും സര്‍ക്കാരിന് പത്ത് ലക്ഷം രൂപ നല്കി നിര്‍മ്മാണത്തില്‍ പങ്കാളിയാകാമെന്നും മഞ്ജു വാര്യര്‍ അറിയിക്കുകയായിരുന്നു. ഇതിനകം മൂന്നര ലക്ഷം രൂപ നല്കി കോളനിയിലെ വീടുകള്‍ നവീകരിച്ചുവെന്ന് മഞ്ജു വാര്യരുടെ അഭിഭാഷകന് ലീഗല്‍ സര്‍വ്വിസ് സൊസൈറ്റിയെ അറിയിച്ചു. ഇനിയും അപമാനം നേരിടാന്‍ കഴിയില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
ഇക്കാര്യം കണക്കിലെടുത്ത് ജില്ല ലീഗല്‍ സര്‍വ്വിസ് സൊസൈറ്റി കേസ് തീര്‍പ്പാക്കി. രണ്ട് മാസത്തിനകം മഞ്ജു വാര്യര്‍ ഫൗണ്ടേഷനോട് തുടര്‍ നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് വിധേനയും വീട് നിര്‍മ്മാണം നടക്കണമെന്നാണ് ആഗ്രഹമെന്ന് കോളനി നിവാസികളും പറഞ്ഞു. ഇതോടെ കോളനിനിവാസികള്‍ നിയമനടപടികളില്‍ നിന്ന് പിന്മാറാനാണ് സാധ്യത.
Discussion about this post