ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് നിയുക്ത ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. കൺസർവേറ്റീവ് പാർട്ടിയിലെ ബോറിസ് പക്ഷത്തിന്റെ നേതാവുമാണ് ഇന്ത്യൻ വംശജയായ പ്രീതി. കൺസർവേറ്റീവ് പാർട്ടിയുടെയും ബ്രിട്ടന്റെയും ആധുനികവത്കരണമാണ് തന്റെ ലക്ഷ്യമെന്ന് പ്രീതി അഭിപ്രായപ്പെടുന്നു.
ഇന്ത്യയുമായുള്ള ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിന്റെ ശക്തയായ വക്താവാണ് ഗുജറാത്തിൽ വേരുകളുള്ള പ്രീതി പട്ടേൽ. ബ്രിട്ടണിലെ എല്ലാ ഇന്ത്യൻ ചടങ്ങുകളുടെയും സജീവ സംഘാടകകൂടിയാണ് ഈ നാൽപ്പത്തിയേഴുകാരി. ഇന്ത്യയും ബ്രിട്ടണുമായുള്ള ബന്ധത്തിന്റെ പാലമായി വർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ പ്രീതി ബ്രിട്ടണും ഇന്ത്യയുമായുള്ള ബന്ധത്തിന് പുതിയ അർത്ഥതലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ബ്രിട്ടണെ ആഗോളതലത്തിൽ ഉയർത്താൻ ശേഷിയുള്ള ഒരു നല്ല സുഹൃത്തും സംഘടകയുമാണ് പ്രീതി പട്ടേൽ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ഇന്ത്യയും ബ്രിട്ടണുമായുള്ള ബന്ധം ഏറ്റവും നല്ല നിലയിലെത്തിക്കാൻ കഴിഞ്ഞ പ്രധാനമന്ത്രിമാരിൽ ഒരാളാണ് നരേന്ദ്ര മോദിയെന്ന് പ്രീതി പട്ടേൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലായിരുന്നു പ്രീതി പട്ടേലിന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന പ്രീതി പട്ടേലിന്റെ സ്ഥാനാരോഹണത്തെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ വിദേശകാര്യ വിദഗ്ധർ നോക്കിക്കാണുന്നത്.
Discussion about this post