ഡൽഹി; കർണ്ണാടകം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉടൻ ഭരണമാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാജസ്ഥാനിലെ നിരവധി കോൺഗ്രസ്സ് എം എൽ എമാർ ബിജെപിക്കൊപ്പം വരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലും സ്ഥിതി സമാനമാണെന്ന് രാംദാസ് അത്തേവാല വ്യക്തമാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നു. സ്വാഭാവികമായും ഈ ആഗ്രഹം രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ജനങ്ങൾക്കുമുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്കുമുണ്ട്. അവർ ഉടൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. രണ്ടിടത്തും നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് ജയിച്ചത്. നിലവിൽ പഞ്ചാബ്, ചത്തീസ്ഗഢ് ഉൾപ്പടെ രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. ചരിത്രത്തിൽ കോൺഗ്രസ്സ് നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കൂടി ഭരണം നഷ്ടപ്പെടുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയായിരിക്കും കോൺഗ്രസ്സ് അഭിമുഖീകരിക്കാൻ പോകുന്നത്.
Discussion about this post