പ്രളയത്തില്‍ മുങ്ങിയ ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസുകാരന്റെ അര്‍പ്പണ മനോഭാവത്തെ വാനോളം പുകഴ്ത്തുകയാണ് സൈബര്‍ലോകം. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്കുഞ്ഞിനെയും തലയിലേറ്റി നടന്നു നീങ്ങുന്ന പൊലീസുകാരനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്
സബ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ് ഛവ്ഡയാണ് സാഹസികമായി കുഞ്ഞിനെ രക്ഷിച്ചത്. വിശ്വമിത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേവീപുര എന്ന സ്ഥലത്താണ് സംഭവം. കനത്ത മഴയില്‍ പ്രദേശം വെളളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കയര്‍ കെട്ടിയാണ് പ്രദേശവാസികളെ രക്ഷിച്ചത്.
ചെറിയ കുട്ടിയും അമ്മയും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ ഉടനെ അങ്ങോട്ട് തിരിച്ചു.കുഞ്ഞിനെ കൈയിലെടുത്ത് വരാന്‍ സാധിക്കുമായിരുന്നില്ല. ഈ സമയം ഒരു പ്ലാസ്റ്റിക് പാത്രം ആവശ്യപ്പെടുകയും അതില്‍ കുഞ്ഞിനെ കിടത്തി തലയിലേറ്റി കയറില്‍ പിടിച്ച് ഇക്കരയെത്തിച്ചുവെന്നും സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തില്‍ തുണികള്‍ വെച്ചാണ് കുഞ്ഞിനെ കിടത്തിയത്. അഞ്ചടി താഴ്ചയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാണ് കുഞ്ഞിനെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതെന്ന് പൊലീസുകാരന് പറയുന്നു
Discussion about this post