തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 111 ഇരുമ്പാണികൾ. മനോദൗർബല്യമുള്ളയാൾ 10 വർഷമായി പലപ്പോഴായി അകത്താക്കിയ ആണികളാണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറൽ സർജറി വിഭാഗം ഡോക്ടർമാർ പുറത്തെടുത്തത്.
വയർ വീർത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മേത്തല സ്വദേശിയായ 49 വയസ്സുള്ളയാളെ ബന്ധുക്കൾ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്.
വയറിന്റെ എക്സ്- റേ പരിശോധനാ ഫലം കണ്ടപ്പോൾ ഡോക്ടർമാർ ഞെട്ടി. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീർക്കാനാകാത്ത വിധം ആണികൾ കുടുങ്ങി കിടക്കുന്നു. ആണികൾ ആന്തരികാവയവങ്ങളിൽ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികൾ പൂർണമായും പുറത്തെടുക്കാൻ ചെറു കുടലിന്റെ 60 സെ.മീ. നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. രോഗി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.
Discussion about this post