ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യമെന്ന സ്വപ്നത്തിന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബിജെപിക്കെതിരെ ഒരുമിക്കണമെന്ന് ഡി എം കെ നേതാവ് സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ചരമവാര്‍ഷിക സമ്മേളനം ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമ വേദിയാക്കാനായിരുന്നു സ്റ്റാലിന്റെ പദ്ധതി. എന്നാല്‍ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെ വിട്ടു നിന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരൊഴികെ മറ്റ് നേതാക്കളാരും സമ്മേളത്തിനെത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം പങ്കെടുക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണമെന്നാണ് സ്റ്റാലിന് വേദിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ നാരായണസ്വാമി ഒഴികെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാരും വേദിയിലില്ലായിരുന്നു. ആറ് മാസങ്ങള്‍ക്ക് മുമ്പ് സമാന വേദിയിലായിരുന്നു രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിന് നിര്‍ദേശിച്ചത്. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമത്തില്‍ രാഹുൽ ഗാന്ധിയും യുപിഎ അദ്ധ്യക്ഷയും വിട്ട് നിന്നത് പ്രതിപക്ഷ ഐക്യത്തിന്റെ തകര്‍ച്ച പ്രകടമാക്കുന്നതായി.
മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയിരുന്നില്ല.
Discussion about this post