ദുരിതാശ്വാസ ക്യാംപില്‍ സിപിഎം പ്രാദേശിക നേതാവ് പണപിരിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എഴുതിയ കവിത പാര്‍ട്ടിയില്‍ വിവാദമാകുന്നു.കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജി പണിക്കരാണ് കവിത തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.വിവാദമാകുമെന്ന് കണ്ടതോടെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയായിരുന്നു.
‘നീ ചരിക്കുന്ന സ്‌റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍…കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…ജീവിതം കൊണ്ട് കവിത രചിച്ചോന്‍…റോയല്‍റ്റി വാങ്ങാത്തോന്‍…ആരാണു നീ ഒബാമ…ഇവനെ വിധിപ്പാന്‍.. സന്നിധാനത്തെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തുനീ തിടമ്പുമായി ഇരിക്കുന്നു…’ എന്നിങ്ങനെ പോകുന്നു കവിത.ഇങ്ങനെ പോകുന്ന കവിത അവസാനിക്കുന്നത് ‘പൂച്ചയ്ക്കാരു മണികെട്ടു’മെന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ്.
നേരത്തെ ‘സന്നിധാനത്തിലെ കഴുത’ എന്ന പേരില്‍ മന്ത്രി ജി സുധാകരന്‍ കവിതയെഴുതിയിരുന്നു. ഇതിലെ വരികളോട് സാമ്യമുള്ളതാണ് പ്രവീണിന്റെ കവിതയിലെ വരികളും. ‘ആരാണ് നീ ഒബാമ ഇവനെ വിധിപ്പാന്‍ ?’ എന്നിങ്ങനെ സുധാകരന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്ന വരികളും ഇടംപിടിച്ചിട്ടുണ്ട്. വിവാദമായതോടെ, കവിതയുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ചിലര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
എന്നാല്‍ കവിത ഒരു നേതാവിനെയും ഉദ്ദേശിച്ചല്ലെന്നും കേസെടുത്ത ഉദ്യോഗസ്ഥഭരണ സംവിധാനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും പ്രവീണ്‍ പറഞ്ഞു.ഇത് തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് കവിത പിന്‍വലിച്ചതെന്നും പ്രവീണ്‍ വ്യക്തമാക്കി.
Discussion about this post