ദൂരദർശനിലെ ഹിറ്റ് സീരിയലായിരുന്ന ശക്തിമാന്റെ പേരിൽ മലയാള സിനിമയിൽ പുതിയ വിവാദം. ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ധമാക്കയിൽ ശക്തിമാന്റെ വേഷത്തിൽ നടനും എം എൽ എയുമായ മുകേഷ് പ്രത്യക്ഷപ്പെടാനിരിക്കെയാണ് വിവാദം.
ചിത്രത്തിൽ ശക്തിമാന്റെ വേഷത്തിൽ മുകേഷ് നിൽക്കുന്ന രംഗങ്ങൾ മാർക്കറ്റിംഗിന്റെ ഭാഗമായി സംവിധായകൻ പങ്കു വെച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശക്തിമാൻ സീരിയലിലെ നടനും നിർമ്മാതാവുമായ മുകേഷ് ഖന്ന പരാതിയുമായി ഫെഫ്കയെ സമീപിക്കുകയായിരുന്നു. തനിക്ക് പകർപ്പവകാശമുള്ള ശക്തിമാൻ കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ ധമാക്കയിൽ അവതരിപ്പിച്ചുവെന്നാണ് മുകേഷ് ഖന്നയുടെ ആരോപണം.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർക്ക് അയച്ച പരാതിയിൽ ഇത് വിലക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിന് വിശദീകരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്തെത്തി. സിനിമയിലെ ചില രംഗങ്ങളിൽ മാത്രമുള്ള കോമഡി കഥാപാത്രം മാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന കാര്യം മുകേഷ് ഖന്നയെ അറിയിക്കുമെന്നും,അനുമതി തന്നില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹാപ്പി വെഡ്ഡിംഗ്‘, ‘ചങ്ക്സ്‘, ‘ഒരു അഡാറ് ലവ്‘ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക.
1997ൽ ഭീഷ്മ ഇന്റർനാഷണലിന്റെ ബാനറിൽ മുകേഷ് ഖന്ന നിർമ്മിച്ച ശക്തിമാൻ വൻ ജനപ്രീതി പിടിച്ചു പറ്റിയ ദൂരദർശൻ പരമ്പരയായിരുന്നു. പരമ്പരയിൽ മുകേഷ് ഖന്ന തന്നെയായിരുന്നു ടൈറ്റിൽ കഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ഹീറോ എന്ന ലേബലിൽ വന്ന ശക്തിമാൻ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത ‘മഹാഭാരതം‘ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ ഭീഷ്മരുടെ വേഷം അവതരിപ്പിച്ചതിലൂടെയാണ് മുകേഷ് ഖന്ന ശ്രദ്ധേയനാകുന്നത്. മമ്മൂട്ടി നായകനായ രാജാധിരാജ എന്ന മലയാളം ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നു.
Discussion about this post