ബിജെപി നേതാവ് ചിന്മയാനന്ദിന് എതിരെ പീഡന പരാതി നല്കിയ പെണ്‍കുട്ടി അറസ്റ്റില്‍. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയിലേക്ക് പോകുംവഴി പെണ്‍കുട്ടിയെ തടഞ്ഞ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. അഞ്ച് കോടി രൂപ തട്ടിയെടുക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമമെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്കെതിരെ ഡിജിറ്റല്‍ തെളിവുകളും, മൊഴികളും ഉണ്ടെന്ന് എസ്ഐടി തലവന്‍ നവീന്‍ അറോറ വിശദീകരിച്ചു. പിടിച്ചെടുത്ത പെന്‍ഡ്രൈവ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അറസ്റ്റിലായവര്‍ ചിന്മയാനന്ദിനു സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്നും തനിക്ക് സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെ, പുതിയ ഹര്‍ജിയുമായി ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോകും വഴിയായിരുന്നു പൊലീസ് നടപടി.
Discussion about this post