ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യന്‍ വമ്പന്‍ ജയത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ 495 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 117 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വിയുടെ വക്കത്താണ്.
384 റണ്‍സ് ലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. 74 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും സഹിതമാണ് മാര്‍ക്രം 39 റണ്‍സെടുത്തതാണ് സന്ദര്‍ശകരെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. മാര്‍ക്രത്തെ കൂടാതെ ഇതുവരെ രണ്ടക്കം കണ്ടത് 10 റണ്‍സെടുത്ത തെയൂനിസ് ഡിബ്രൂയ്ന്, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി (26 പന്തില്‍ 13) എന്നിവര്‍ മാത്രമാണ്.
അഞ്ചാം ദിനം ഡിബ്രൂയിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച രവിചന്ദ്രന്‍ അശ്വിന് ടെസ്റ്റില്‍ 350 വിക്കറ്റ് തികച്ചു. 66-ാം ടെസ്റ്റില്‍നിന്ന് നാഴികക്കല്ലു പിന്നിട്ട അശ്വിന്, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരങ്ങളില്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനൊപ്പം ഒന്നാം സ്ഥാനത്തെത്തി.
നേരത്തെ, നാലാം ദിനം അവസാന സെഷനില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെടുത്ത് ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 495 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ന്നത്. വമ്പന്‍ ടോട്ടല്‍ പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം കളി നിര്‍ത്തുന്നതിനു മുന്‍പ്, ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് (2) നഷ്ടമായി. എല്‍ഗാറിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
Discussion about this post