ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. സാനിയ മിർസ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.
ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.
മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
Discussion about this post