സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച മുന്‍ എംപി എ.സമ്പത്തിന് പഴ്സനല്‍ സ്റ്റാഫിനെ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി.പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് ശനിയാഴ്ച പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്.
പ്രൈവറ്റ് സെക്രട്ടറിയേക്കാല്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്കിയിരിക്കുന്നതെന്നതും മറ്റൊറു വിചിത്ര നടപടിയാണ്. അസിസ്റ്റന്‍ഡിനു 30,385 രൂപയാണ് ശമ്പളം. പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ. ഡ്രൈവര്‍ക്ക് 19,670, ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപ. സ്റ്റാഫുകള്‍ക്ക് വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ. സമ്പത്തിന്റെ സ്റ്റാഫിലുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്. ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സര്‍ക്കാരിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. പ്രത്യേക പ്രതിനിധിയെ നിയമിച്ചതുകൊണ്ട് സര്‍ക്കാരിനു കാര്യമായ ഗുണമില്ലെന്നു ഇടതു സംഘടനകളിലെ ജീവനക്കാരും പറയുന്നു.
ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസും പ്രവര്‍ത്തിക്കുന്നത്. സമ്പത്തിനെ നിയമിക്കുന്നതിനു മുന്‍പ് റസിഡന്‍സ് കമ്മിഷണറുടെ ഓഫിസാണ് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയിലെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലസൗകര്യമില്ലാത്ത റസിഡന്‍സ് കമ്മിഷണറുടെ ഓഫിസിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ കമ്മിഷണര്‍ക്കും അതൃപ്തിയുണ്ട്.
Discussion about this post