ഡല്‍ഹി: മുന്‍ ഐ.പി.എല്‍ തലവന്‍ ലളിത് മോഡിയുടെ യാത്രാ രേഖകള്‍ക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവര്‍ത്തിച്ചു. ട്വിറ്ററില്‍ തനിക്ക് ലഭിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സുഷമ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.
”ഞാന്‍ ലളിത് മോഡിയുടെ യാത്രാ രേഖകള്‍ക്കായി അപേക്ഷിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഞാനത് യു.കെ. ഗവണ്മെന്റിന് അവരുടെ നിയമമനുസരിച്ച് തീരുമാനിക്കാനായി വിട്ടുകൊടുത്തു. അതാണ് അവര്‍ ചെയ്തത്. ഒരു മന്ത്രി എന്ന നിലയില്‍ ഞാന്‍ പാര്‍ലമെന്റിനോട് മാത്രം മറുപടി പറയേണ്ടതായുള്ളു. രാജ്യത്തെ വിവരം അറിയിക്കാനുള്ള ഏക ചര്‍ച്ചാവേദി അതാണ്” എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ലളിത് മോഡി വിവാദത്തില്‍ സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് സുഷമ പറഞ്ഞു.
Discussion about this post