ശബരിമലയില്‍ കയറാന്‍ യുവതികളെത്തിയാല്‍ തടയാന്‍ പമ്പയില്‍ ചെക്ക്‌പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മലകയറാന്‍ വന്നാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും ബെഹ്‌റ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം വന്ന ശബരിമല വിധിയില്‍ വ്യക്തതതേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് വിവരം. ദേവസ്വം ബോര്‍ഡും വിഷയത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കില്ല. വിധിയുടെ കാര്യത്തില്‍ കോടതിയ്ക്ക് ഏകാഭിപ്രായം ഇല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
മാത്രമല്ല രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന നീക്കങ്ങളും പരാമര്‍ശങ്ങളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർഥാടനമാണു പ്രതീക്ഷിക്കുന്നത്.
വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല.
Discussion about this post