വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പിന്തുണ തുടരണമെന്നാവശ്യപ്പെട്ട് അമേരിക്ക. അഫ്ഗാനില്‍ നിന്ന് അമേരിക്ക സേനയെ പിന്‍വലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടല്‍ തുടരണമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തുവന്നത്. വലിയ പിന്തുണയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാരിന് കാലങ്ങളായി നല്കി വരുന്നത്.
2001-ല്‍ അമേരിക്കന്‍ സഖ്യസേന താലിബാന് ഭരണകൂടത്തെ പുറത്താക്കിയത് മുതല്‍ 300 കോടി ഡോളറിലേറെ ഇന്ത്യ അവിടെ ചെലവാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിച്ചതും ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നല്കുന്ന സാമ്പത്തിക പിന്തുണയും സഹായവും അമേരിക്ക സ്വാഗതം ചെയ്തു. ആ നയങ്ങള്‍ തുടരുന്നതിനെ ഞങ്ങള്‍ പിന്തുണക്കുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രതിനിധി നാന്‍സി ഇസ്സോ ജാക്സണ് വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ ഘട്ടം ഘട്ടമായി പിന്തുണക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് ട്രംപ് നിലപാട് കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ വാഷിങ്ടണില്‍ താലിബാന് ദൂതനുമായി നടത്താനിരുന്ന ചര്‍ച്ച ട്രംപ് ഭരണകൂടം വേണ്ടെന്നു വെച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാരന് കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു അത്.
Discussion about this post