തിരുവനന്തപുരം: നിയമസഭയില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള കണക്കുകള്‍ തേടി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. നവംബര്‍ ഏഴിനാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനോട് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്. ‘സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയില്‍ എത്ര സ്ഥാപനങ്ങളുണ്ട്. ഇങ്ങനെയുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ പെട്ട മാനേജ്മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്ര? കേരളത്തിലുള്ള എയ്ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയാണ്?’. ഇങ്ങനെ തരംതിരിച്ചുള്ള ചോദ്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചത്.
കഴിഞ്ഞദിവസവും സമാനമായ രീതിയില്‍ ബി.പി.എല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്കും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. ഭക്ഷണ, പൊതുവിതരണ വകുപ് മന്ത്രി പി. തിലോത്തമനോടായിരുന്നു ഒ.രാജഗോപാലിന്റെ ഈ ചോദ്യം. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡം എന്തെന്നും സംസ്ഥാനത്തുള്ള എത്ര കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയില്‍ ഉണ്ടെന്നും ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളുടെ ശതമാനം എത്ര വീതം ഉണ്ടെന്നുമായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ചോദ്യം. ഈ ചോദ്യത്തിന് സെപ്തംബര്‍ 29 വരെ 3,96, 071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്നുമാണ് മന്ത്രി പി.തിലോത്തമന് നല്കിയ മറുപടി.
Discussion about this post