ട്രിപ്പോളി: യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാമിനേയും മറ്റ് എട്ടുപേരേയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തന്റെ പിതാവ് മുഅമര്‍ ഗദ്ദാഫിയുടെ പതനത്തിന് വഴിതെളിച്ച പ്രക്ഷോഭത്തില്‍ സമരക്കാരെ കൊന്നൊടുക്കിയ കേസിലാണ് സെയ്ഫിന് വധശിക്ഷ വിധിച്ചത്. ഈ കേസില്‍ സെയ്ഫിനെതിരെ നേരത്തെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ഗദ്ദാഫിയുടെ കാലത്തെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ദുള്ള അല്‍ സനൂസി, അന്നത്തെ പ്രധാനമന്ത്രി ബാഗ്ദാദി അല്‍ മഹമൂദി എന്നിവരും വധശിക്ഷ നേരിടുകയാണ്.
ലിബയയിലെ വടക്ക്പടിഞ്ഞാറന്‍ പട്ടമായ സിന്റാനില്‍ വിമത ഗ്രൂപ്പിന്റെ പിടിയിലായതിനാല്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ സെയ്ഫ് കോടതിയില്‍ ഹാജരായിരുന്നില്ല. 2011 മുതല്‍ സെയ്ഫ് ഈ ഗ്രൂപ്പിന്റെ പിടിയിലാണ്. ഇതേസമയം, വിധിക്കെതിരെ സെയ്ഫിന് അപ്പീല്‍ നല്കാന് കഴിയും.
അതേസമയം, വിമത ഗ്രൂപ്പിന്റെ പിടിയിലുള്ള സെയ്ഫിന്റെ ശിക്ഷ നടപ്പാക്കുന്നത് എങ്ങനെയെന്ന ചോദ്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുകഴിഞ്ഞു. സര്‍ക്കാരിന് കീഴിലുള്ള കോടതിയെ വിമതര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ കഴിയില്ല. നിയമനടപടികളുമായി വിമതര്‍ സഹകരിച്ചിരുന്നുമില്ല. യുദ്ധ കുറ്റത്തിനും മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ക്കുമായി സെയ്ഫ് അല്‍ ഇസ്ളാമിയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും തേടുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് ലിബിയയെ അടക്കി ഭരിച്ച ഗദ്ദാഫിയുടെ ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചവരെ മന:പൂര്‍വം കൊന്നൊടുക്കുകയാണ് സെയ്ഫും കൂട്ടരും ചെയ്തതെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
2011 മേയില്‍ നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ സെയ്ഫിന്റെ ഇളയ സഹോദരന് സെയ്ഫ് അല്‍ അറബ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post