തൊടുപുഴ: പൊന്നിനേക്കാള്‍ മാറ്റുണ്ട് നാലാംക്ലാസ്സുകാരി ആന്‍ മരിയ ബൈജുവിന്റെ മനസ്സിന്. യാത്രയ്ക്കിടയില്‍ ബസ്സില്‍നിന്നു കിട്ടിയ അരപവന്‍ തൂക്കമുള്ള മാലയാണ് ആന്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി ഏവര്‍ക്കും മാതൃകയായത്
കൊല്ലപ്പിള്ളി കാരിശേരില്‍ അനീഷിന്റെ രണ്ടുവയസ്സുള്ള മകന്‍ അദ്വൈതിന്റേതാണ് മാല. ഞായറാഴ്ച അനീഷും ഭാര്യ ശ്രീജയും മകനും കോട്ടയത്തുനിന്ന് പാലായ്ക്കു വരുന്നതിനിടയിലാണ് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല ബസ്സില്‍ വീണത്. ഈ മാല മാറ്റി പുതിയത് എടുക്കാന്‍വേണ്ടി കടയില്‍ ചെന്നപ്പോഴാണ് നഷ്ടപ്പെട്ടവിവരം അറിഞ്ഞത്.
ഇതേ ബസ്സില്‍ കരിങ്കുന്നത്തുനിന്ന് കയറിയ ആന്‍ മരിയയ്ക്ക് മാല കിട്ടി. ഇത് ആന്‍ സ്‌കൂളില്‍ ഏല്‍പ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പോലീസിന് നല്‍കി. പത്രങ്ങളില്‍ വാര്‍ത്ത കണ്ട് ചൊവ്വാഴ്ച അനീഷും കുടുംബവും തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി.
തൊടുപുഴ സി.ഐ. ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ജയ്‌റാണി സ്‌കൂള്‍ മുറ്റത്തുനടന്ന ചടങ്ങില്‍
ആന്‍ മാല ഉടമസ്ഥരെ ഏല്‍പ്പിച്ചു.
വിദ്യാര്‍ഥികളും അധ്യാപകരും ആനിനെ അഭിനന്ദനവാക്കാല്‍ മൂടി. ഉടമസ്ഥയായ ശ്രീജ ആനിനെ ചേര്‍ത്തുനിര്‍ത്തി കവിളില്‍ തലോടി സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല.
Discussion about this post