ഹോളിവുഡിലെ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചതിന്റെ അടക്കാനാവാത്ത സന്തോഷത്തിലാണ് മലയാളത്തിന്റെ ഹാസ്യനടനായ ശശി കലിംഗ ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ലോകമറിയുന്ന ഹോളിവുഡ് അഭിനേതാക്കള്‍ക്കൊപ്പമാണ് താന്‍ അഭിനയിച്ചത് എന്ന് ശശി കലിംഗ പറയുന്നു. തന്നെ ഷൂട്ടിംഗിനായി താമസസ്ഥലത്തു നിന്ന് ഹെലിക്കോപ്ടറിലാണ് കൊണ്ടുപോയത്. ഈ അഭിനയ അനുഭവങ്ങള്‍ മറക്കാന്‍ പറ്റാത്തതാണെന്നും ശശി പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖനടന്മാരെക്കാള് കൂടുതല്‍ പ്രതിഫലം ശശിയ്ക്ക് ഈ ഹോളിവുഡ് ചിത്രത്തിലൂടെ ലഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇംഗ്ലീഷ് സിനിമ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് കരാറിലുണ്ട്. സിനിമ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ ആവില്ല. ചിത്രത്തില്‍ യൂദാസിന്റ വേഷത്തിലാണ് ശശിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പശസ്ത സംവിധായകനായ രഞ്ജിത്തിന്റെ 2009ല്‍ റിലീസ് ചെയ്ത പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് ശശി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗദ്ദാമ എന്ന കമലിന്റെ സിനിമയുടെ ചിത്രീകരണവേളയില്‍ ദുബായിലെ ഒരു ഷോപ്പിംഗ് മാളില്‍വെച്ച് ശശിയെ ഒരാള്‍ പരിചയപ്പെട്ടിരുന്നു. അദ്ദേഹമാണ് തന്നെ ഈ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണിച്ചതെന്നും ശശി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ വളര്‍ച്ചയ്ക്ക് കാരണമായത് തന്നെ സിനിമയില്‍ എത്തിച്ച സംവിധായകന് രഞ്ജിത്താണെന്നും അദ്ദേഹത്തിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി രേഖപ്പെടുത്തുന്നതെന്നും ശശി കലിംഗ പറഞ്ഞു.
ജീവിതത്തില്‍ ഗൗരവമേറിയ ആളെങ്കിലും ശശി കലിംഗ മലയാള സിനിമയില്‍ ഹാസ്യതാരമായാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ അഭിനയിച്ച് ഇതിനോടകം കഴിവു തെളിയിച്ചു കഴിഞ്ഞു. ഹോളിവുഡ് സിനിമയിലൂടെ തന്റെ ഭാഗ്യം ഭൂഖണ്ഡം കടക്കുമോ എന്ന ആകാംക്ഷയിലാണ് ശശി ഇപ്പോള്‍.
Discussion about this post