കൊച്ചി: കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെറ്റായ ആളുകള്‍ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്’. ജീര്‍ണത സഭയെയും ബാധിച്ചിരിക്കുന്നുവെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നുംമഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായുംസിസ്റ്റര്‍ ലൂസി കളപ്പുര ഒരു പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഇതെല്ലാമാണ് സഭയെ ചൊടിപ്പിച്ചത്.
പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
അതിനിടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന സിസ്റ്റര്‍ ലൂസിയുടെ പുസ്തകം വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഡിസി ബുക്‌സിന്റെ പുസ്തക മേള പൂട്ടിക്കാന്‍ ശ്രമം നടന്നു. തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ നിന്നെത്തിയ ചിലരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് സുരക്ഷയില്‍ മേള പുനരാരംഭിച്ചു.
അതേസമയം തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തില്‍ ക്ഷമ ചോദിച്ചു.പൊലീസ് സുരക്ഷയിലാണ് നിലവില്‍ പുസ്തക മേള നടക്കുന്നത്.
Discussion about this post