നടൻ ഷെയിൻ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമെന്നും രഞ്ജിത് പറഞ്ഞു.
ഷെയിൻ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽനിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും പിന്മാറിയിരുന്നു. നിർമാതാക്കളെ ഷെയിൻ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്നും സംഘടനകൾ ആരോപിച്ചു. ഇതോടെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ നിർമാതാക്കളും തീരുമാനിക്കുകയായിരുന്നു.
സംഘടനാനേതാക്കൾ പ്രതികരണം നടത്തുമ്പോൾ ഷെയിൻ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് പരാതി പറയുകയായിരുന്നു. തുടർന്ന് മന്ത്രി മാധ്യമങ്ങളെ കണ്ടു.
ഒത്തുതീർപ്പ് ചർച്ചകൾ നടക്കുമ്പോൾ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സംഘടനകളെക്കുറിച്ച് സർക്കാർതലത്തിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുമ്പോൾ ഇനി ചർച്ച വേണ്ടെന്ന് അമ്മയും ഫെഫ്കയും തീരുമാനിച്ചു.
Discussion about this post