വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാനമായ പ്രതിരോധകരാർ ഒപ്പുവച്ചു. ഇന്ത്യയിലെയും അമേരിയ്ക്കയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാർ തമ്മിൽ നടക്കുന്ന 2+2 നയതന്ത്ര ഉച്ചകോടിയിൽ വച്ചാണ് ഇരു രാജ്യങ്ങളെയും ശക്തമായി ബന്ധിപ്പിയ്ക്കുന്ന നിർണ്ണായകമായ പ്രതിരോധ കരാർ ഒപ്പുവച്ചത്. വാഷിംഗ്ടൺ ഡി സിയിൽ അമേരിക്കൻ പ്രതിരോധവകുപ്പ് ആസ്ഥാനത്തു വച്ചാണ് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും, അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പെറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. വ്യവസായ രക്ഷയെപ്പറ്റിയുള്ള സുപ്രധാനമായ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെപ്പറ്റിയും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു. അതിർത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിയ്ക്കുന്നതിനായി ഇന്ത്യാ അമേരിക്ക സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിൽ കൂടുതൽ സഹകരണമുണ്ടാകുമെന്ന് യോഗത്തിൽ തീരുമാനിച്ചതായി നയതന്ത്രവൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിൽ ഈ വർഷം അതിവേഗത്തിലുള്ള പുരോഗതിയാണുണ്ടാക്കിയതെന്നും ഈ യോഗത്തിന് ആതിഥേയരാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്, മൈക്ക് പോംപിയോ ട്വിറ്ററിലൂടെ അറിയിച്ചു.
പാകിസ്ഥാനിൽ നിന്നായാലും ലോകത്തിന്റെ ഏത് ഭാഗത്തിനിന്നായാലും ആഗോള ഭീകരവാദത്തിനെതിരായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിയ്ക്കുന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു സംശയവുമില്ലെന്നും ശക്തമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിൽ ആ വിഷയത്തിലുണ്ടാകുമെന്നും അദ്ദേഹമറിയിച്ചു. “അമേരിക്കൻ ജനതയെ ഭീകരവാദത്തിൽ നിന്ന് രക്ഷിയ്ക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനായും ലോകസമാധാനത്തിനായും ഇന്ത്യയെപ്പോലെയുള്ള ശക്തരായ ജനാധിപത്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിയ്ക്കും”, പോംപിയോ അറിയിച്ചു.
ഇന്തോ പസഫിക് മേഖലയുടെ സ്വാതന്ത്രതയെപ്പറ്റിയും സമാധാനത്തെപ്പറ്റിയും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടേയും പ്രതിരോധ മന്ത്രാലയത്തിന്റേയും ആസ്ഥാനമായ പെന്റഗണിൽ വച്ച് നടന്ന ചർച്ചയിൽ പങ്കെടുക്കാനെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ ഗൺ സല്യൂട്ടോടെയാണ് അമേരിക്ക സ്വീകരിച്ചത്.
2018 സെപ്റ്റംബറിൽ ഡൽഹിയിൽ വച്ചാണ് ഇതിനുമുൻപ് 2+2 ഉച്ചകോടി നടന്നത്.
Discussion about this post