തൃശ്ശൂര്‍: തൃശൂര്‍ ശ്രീകേരള വര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോളജിന്റെ അച്ചടക്ക നടപടി. ഏഴ് വിദ്യാര്‍ത്ഥികളെ ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ കോളജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വി.എസ് യദുകൃഷ്ണന്, കെ.ജി ഗോഗുല്‍, ജെ.പി അനുരാഗ്, കെയുജിഷ്ണു, യു.എ അമല്‍, വിദീപു, ആസിഫ് അസ്സീസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ അച്ചടക്ക സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഏഴ് പേരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. വിശദമായ അന്വേഷണം നടത്താനും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടിയെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബുധനാഴ്ച രാവിലെയാണ് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ അദ്ധ്യാപകരുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post