കൂച്ച് : ബിഹാറിലെയും-പശ്ചിമബംഗാളിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആയിരങ്ങള്‍ വലിയ ആഹ്ലാദത്തിലാണ്. ഈ മേഖലയിലെ ആയിരങ്ങള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഇന്ത്യക്കാരാകും. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരം നടക്കുന്ന പ്രദേശങ്ങളുടെ കൈമാറ്റം ഇന്ന് നിലവില്‍ വരുന്നതാണ് ഇവരുടെ ഇന്ത്യന്‍ പൗരത്വം സാധ്യമാക്കിയത്.
ഇരു രാജ്യങ്ങളിലുമുള്ള 162 പ്രദേശങ്ങളുടെ കൈമാറ്റമാണ് വെള്ളിയാഴ്ച അര്‍ധരാത്രി നടക്കുന്നത്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ബംഗ്ളാദേശ് അതിര്‍ത്തിയിലായിരുന്നു പലരും. ഇവരിനി ഇന്ത്യന്‍ പൊതുഭരണസംവിധാനത്തിന്റെ കീഴിലാകും. ബംഗ്ളദേശിന്റെ ഭാഗമായിരിക്കെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആയിരുന്ന പ്രദേശങ്ങളും കൈമാറുന്നുണ്ട്. പുതിയ 14, 000 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്.
ഇരുരാജ്യങ്ങളിലുമായുള്ള 162 പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്കുന്ന 1974ലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈ എടുത്താണ് യാഥാര്‍ത്ഥ്യമാക്കിയത്. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും കഴിഞ്ഞ മാസമാണ് പ്രദേശങ്ങള്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. ഇത് പ്രകാരം 111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിന് കൈമാറും. 51 എണ്ണം ഇന്ത്യക്ക് ബംഗ്ലാദേശും കൈമാറും.. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം കൂടുതലായി ലഭിക്കുമ്പോള്‍ ബംഗ്ലാദേശിന് 10,000 ഏക്കര്‍ ലഭിക്കും.
കരാറിന് അംഗീകാരം ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 50,000ത്തോളം പേര്‍ക്ക് സ്വന്തം രാഷ്ട്രം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായുള്ള സര്‍വ്വേ പുരോഗമിക്കുകയാണ്. കരാര്‍ 4,096 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും വഴിയൊരുക്കും. അസം, പശ്ചിമബംഗാള്‍, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയാണ് പുനര്‍നിര്‍ണയിക്കപ്പെടുക.
ഇന്തോ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ വിട്ട് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പോതാര്കുതി. മുഴുവനായും ഇന്ത്യന്‍ അതിര്ത്തിയാന് ചുറ്റപ്പെട്ടതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സ്വന്തം രാജ്യവുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പൊതുഭരണത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി, ജലവിതരണം, സ്കൂള്‍, ആശുപത്രി സൗകര്യങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു.കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ തലമുറകളായി ഈ നാട്ടുകാര്‍ നേരിടുന്ന വലിയൊരു സമസ്യയ്ക്ക് ഉത്തരമാവുകയാണ്.
ജില്ലാ മജിട്രേറ്റ് പി. ഉലകനാഥനാണ് പ്രദേശങ്ങളുടെ കൈമാറ്റത്തിന്റെ ചുമതലയുള്ളത്. ഇവിടത്തുകാര്‍ മേല്‍വിലാസം പോലും ഇല്ലാത്തവരാണെന്ന് ഉലകനാഥന്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുകയും പിന്‍കോഡ് നടപ്പാക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദ്യ ജോലിയെന്ന് അദ്ദേഹം പറയുന്നു.
ഇന്തോ-ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടമാണ് അതിര്‍ത്തി കൈമാറ്റത്തിലൂടെ സാധ്യമാകുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സര്‍ക്കാരുകളുടെ സൗഹൃദമില്ലായിരുന്നെങ്കില്‍ ഒരിക്കലും നടപ്പാകാതിരുന്ന കരാര്‍ യാഥാര്ത്ഥ്യാമാകുമ്പോള് അതിര്‍ത്തിയിലെ ലക്ഷക്കണക്കിന് പേര്‍ക്ക് അത് ജീവിതത്തിലെ പുതു അധ്യായം തുറക്കലാണ്.
Discussion about this post